Friday, March 30, 2012

മാതൃഭാഷയുടെ മഹത്വത്തെ പ്പറ്റി സിനിമാ നടനായ പ്രകാശ്‌ രാജിന്റെ അഭിപ്രായം ....(മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്)

ഭാഷ എന്നതു ജീവിതം തന്നെ ആകുന്നു. പക്ഷെ ഇന്നത്തെ തലമുറ ഭാഷയെ വെറും ആശയവിനിമയ മാര്‍ഗം മാത്രം ആയി ചുരുക്കി ചിന്തിക്കുന്നു. അതിലുപരിയുള്ള ഭാഷയുടെ മഹത്വം അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല...മനുഷ്യരുടെ ജീവിതത്തെ അതേപടി പകര്‍ത്തുന്ന ഒരു സ്ഫടികം ആണ് ഭാഷ.....ആംഗലേയന്‍മാര്‍ ഒരു നാടിനു മീതെ ഭരണം സ്ഥാപിച്ചെടുക്കാന്‍ മുഖ്യ ആയുധമായി പ്രയോജനപ്പെടുത്തിയത് അവരുടെ ഭാഷയെയാണ്! മനുഷ്യന്‍ ഏതു ഭാഷയാണോ സംസാരിക്കുന്നതു ആ നാട്ടുകാരന്‍ ആയിട്ട് അവന്‍ മാറിപ്പോകും എന്ന സത്യം അവര്‍ മനസ്സിലാക്കിയത്‌ കൊണ്ടാന്‍ അവര്‍ക്ക് അത് സാധിച്ചത്.
"എന്റെ അമ്മയുടെ കഥ കേട്ടു നക്ഷത്രങ്ങള്‍ എണ്ണുന്നതുപോലെ, സിരകള്‍ക്കുള്ളില്‍ ഒഴുകുന്ന രക്തം പോലെ എന്റെ ഭാഷയും എന്റെ ഉള്ളില്‍ ചലിച്ചു കൊണ്ടേ ഇരിക്കുന്നു...
മാതൃഭാഷ നല്ലതുപോലെ വശം ആകിയത് കൊണ്ടാണ് എനിക്ക് മറ്റു ഭാഷകള്‍ എളുപ്പം പഠിക്കാന്‍ സാധിച്ചത്. എന്റെ മാതൃഭാഷ കന്നടം ആണ് . എന്റെ മകളുടെ മാതൃഭാഷ തമിഴ് ആണ്. പക്ഷെ അവളുടെ മാതൃഭാഷ അവള്‍ക്കു അറിയില്ല എന്നുള്ളത് എനിക്ക് വേദന നല്‍കുന്നു.
പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഭാഷ എന്നതു എന്നെ തന്നെ പുറം ലോകത്തേക്ക് പ്രകടം ആക്കാനുള്ള   ഒരു രൂപം ആണ്. സുഖവും ദുഖവും പങ്കിടാനുള്ള അല്ലെങ്കില്‍ പ്രകടിപ്പിക്കാനുള്ള ഒരു ഉപകരണം ആണ് ഭാഷ.
നാം ജീവിക്കുന്ന സമൂഹത്തില്‍ നമ്മെ ചുറ്റി ജീവിക്കുന്നവര്‍ ഏതു ഭാഷ സംസാരിക്കുന്നുവോ...നമ്മളും അതെ ഭാഷ തെറ്റുകള്‍ കൂടാതെ ശുദ്ധം ആയിട്ടു സംസാരിക്കുന്നതാണ് നമുക്ക് ആ സമൂഹത്തോട് ചെയ്യാന്‍ കഴിയുന്ന
മര്യാദ. "ഞാന്‍ നിങ്ങളെപോലെ അല്ല... എന്ന് വേറിട്ടു കാണിക്കാന്‍ വേണ്ടി മനപ്പൂര്‍വം മറ്റൊരു ഭാഷയില്‍ സംസാരിക്കുന്നതു തികച്ചും മര്യാദകേട്‌ തന്നെ ആകുന്നു.
ചെന്നൈയിലെ ഒരു സോഫ്റ്റ്‌വെയര്‍ ഓഫീസില്‍ എന്നെ പ്രഭാഷണത്തിന് ക്ഷണിച്ചിരുന്നു..നൂറു കണക്കിന് ചെറുപ്പക്കാര്‍ എന്നോട് സംവദിക്കാന്‍ അവിടെ ഉണ്ടായിരുന്നു..എല്ലാവരും നല്ല അഭ്യസ്ത വിദ്യര്‍.....ഒരുപാടു ശമ്പളം വാങ്ങുന്നവര്‍...സ്റ്റൈലില്‍ ഇംഗ്ലീഷ് സംസാരിക്കുന്നു.സ്വന്തം സ്ഥലം എവിടെയാണെന്ന ചോദ്യത്തിനു..."അരുപ്പുക്കൊട്ടായി എന്ന ഗ്രാമത്തിനു അടുത്താണെന്ന് പറയുന്നു...." പിന്നീട് നിങ്ങള്‍ എന്താണ് തമിഴില്‍ സംസാരിക്കാത്തത് എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി..."ഞാന്‍ ഇംഗ്ലീഷ് മീഡിയം ആണ് പഠിച്ചത്...അത് കൊണ്ട് തമിഴ് ശരിക്കും അറിയില്ല.."
തമിഴ് നാടില്‍ സ്കൂളുകളില്‍ ഇംഗ്ലീഷില്‍ സംസാരിക്കാത്തത്തിനു ഫൈന്‍ വാങ്ങുന്നതായി ഒരു വാര്‍ത്ത‍ വായിച്ചപ്പോള്‍, ഒരേ സമയം എനിക്ക് പരിഹാസവും വേദനയും ആണ് തോന്നിയത്.
ഒരു മനുഷ്യന്‍ അവനവന്റെ ജീവിത സാഹചര്യങ്ങള്‍ക്ക് ഒത്തു എത്ര ഭാഷ വേണമെങ്കിലും അഭ്യസിച്ചു കൊള്ളട്ടെ....അതില്‍ ഇംഗ്ലീഷ് പഠിക്കുന്നതും എഴുതുന്നതും സന്തോഷം തന്നെ..
പക്ഷെ ഇംഗ്ലീഷ് അറിയില്ല എന്നത് തമിഴ് നാട്ടില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് അപമാനകരം അല്ലെങ്കില്‍ കുറ്റകരമാണ്  എന്ന അവസ്ഥ....ഇംഗ്ലീഷില്‍ പ്രവീണ്യം ഇല്ല എന്നതു കൊണ്ട് ഒരു ജനത തന്നെ അപകര്‍ഷത ബോധത്തില്‍ തല കുനിച്ചു ജീവിക്കേണ്ടി വരിക എന്നതു ഞെട്ടല്‍ ഉളവാക്കുന്നു.
ശരി...എന്നാല്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നു എന്ന് പറഞ്ഞു നടക്കുന്നവര്‍ അത് പോലും നല്ലവണ്ണം സംസാരിക്കുന്നില്ല. ഷേക്സ്പിയര്‍, മില്ടന്‍, കേട്സ്, എന്നിവരെ ഒന്നും ഈ മുറി ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് കേട്ടു കേള്‍വി പോലും ഇല്ല...ഇംഗ്ലീഷ് ഭാഷയുടെ ഭംഗി, ലാളിത്യം, ചരിത്രം, ചിന്തകള്‍...ഇവയൊന്നും മനസ്സിലാക്കാതെ "വെറും വ്യാപാര മനോഭാവത്തില്‍" അത്യാവശ്യം ചില വാക്കുകള്‍ മാത്രം അറിഞ്ഞു കൊണ്ട് ...എനിക്ക് ഇംഗ്ലീഷ് അറിയാം എന്ന് പറഞ്ഞു നടക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്?
ഭാഷ എന്നതു വെറും വാക്കുകള്‍ മാത്രം ആണെന്ന് ധരിച്ചു വെച്ചിട്ടുള്ളവര്‍ക്ക്  ജീവിതം എന്താണെന്നു മനസ്സിലാക്കിയിട്ടില്ല എന്നാണ് അര്‍ഥം.
അത് കൊണ്ട് തന്നെയാണ് നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഷേക്സ്പിയരിന്റെ ഇംഗ്ലീഷില്‍ അടങ്ങിയിട്ടുള്ള ഭംഗി അറിയാത്തതും  ..ജോര്‍ജ് ബുഷിന്റെ ഇംഗ്ലീഷില്‍ ഒളിച്ചിരിക്കുന്ന ക്രുരത  മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതും.
ജനങ്ങളുടെ ജീവിതത്തെ അതേപടി പ്രതിഫലിക്കുന്ന ഒരു സ്ഫടികം ആണ് ഭാഷ. ആന്ധ്ര പ്രദേശില്‍ വെള്ളക്ഷാമം അധികം ഉള്ള റയല്‍ സീമ പ്രദേശത്തെ ജനങ്ങള്‍ "പാപങ്ങളെ" കുറിച്ച് പറയുന്ന ഒരു പഴംചൊല്ല് ഇതാണ്.."നീ ചെയ്തു കൂട്ടുന്ന പാപങ്ങള്‍ എല്ലാം ഒരു ദിവസം ദഹിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നിന്റെ വയറു പൊട്ടി തന്നെയാകും നിന്റെ അന്ത്യം എന്ന്" ഇപ്രകാരം ആണ് അവര്‍ തെറ്റ് ചെയ്യുന്നവരെ ഉപദേശിക്കുക... അല്ലെങ്കില്‍ തെറ്റുകാരനെ ശപിക്കുക...
എന്നാല്‍...അതേ സമയം നല്ല വിളവെടുപ്പ് നടത്തി ജീവിക്കുന്ന ഗോദാവരി,കൃഷ്ണ, എന്നെ നദീ തീരങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ ഇതാണ്..."നീ ചെയ്യുന്ന പാപങ്ങള്‍ ഒരു ദിവസം നിശ്ചയം താഴെ വീഴും..."  സൌമ്യമായ ഭാഷ കൊണ്ട് തെറ്റ് ചെയ്യുന്നവരെ തിരുത്താന്‍ ആണ് ഇവിടെ ശ്രമം.
വാക്കുകളിലൂടെ തന്നെ അവരുടെ ജീവിതം വായിച്ചെടുക്കാന്‍ നമുക്ക് സാധിക്കും....അത് കൊണ്ട് തന്നെ ഒരു ഭാഷ പഠിക്കുക എന്നാല്‍ ഒരു സംസ്കാരം മനസ്സിലാക്കുന്നതിനു തുല്യം തന്നെ ആകുന്നു..
ബെന്രെ, പസവന്ന, കെ.എസ്.നരസിങ്കസാമി എന്നിവരെ പോലെ ഉള്ള ചിന്തകന്മാരെ പറ്റി അറിവില്ലാതെ, ഒരുവന്‍ കന്നടം പഠിച്ചു എന്ന് പറയാന്‍ കഴിയില്ല..
അത് പോലെ ഇംഗ്ലീഷ് സംസ്കാരത്തെ തങ്ങളുടെ സൃഷ്ടികളില്‍ പറഞ്ഞു വെച്ചിട്ടുള്ള ചിന്തകന്മാരെ പറ്റി ഒന്നും മനസ്സിലാക്കാതെ ...വെറും വ്യാപാര മോഹത്തില്‍ ഒരു ഭാഷയിലെ കുറച്ച വാക്കുകള്‍ പഠിക്കാന്‍ തുടങ്ങിയത് കൊണ്ടാണ് നമ്മുടെ ചരിത്രം നമുക്ക് നഷ്ടം ആയതു...
ഇംഗ്ലീഷ് നെ ഒരു ആയുധം ആക്കി..."നിനക്ക് ഇംഗ്ലീഷ് അറിയില്ല എങ്കില്‍...നിന്റെ ജീവിതം തന്നെ പാഴായി പോകും...." എന്ന് ഒന്നും അറിയാത്ത പാവങ്ങളെ ഈ വ്യാപാര സമൂഹം ഭയപ്പെടുത്തുന്നു...
ചെറിയച്ചന്‍, ചിറ്റ, വല്യച്ചന്‍,വല്യമ്മ, അമ്മാവന്‍, അമ്മായി....എന്നിങ്ങനെ കൂട്ട് കുടുംബ സമ്പ്രദായത്തില്‍ മനോഹരമായി ജീവിച്ചു വന്ന നമ്മുടെ സംസ്കാരത്തെ ....ഇതൊന്നും ഇല്ലാത്ത ഇംഗ്ലീഷ് ഭാഷയെ നമ്മുടെ അകത്തളങ്ങളില്‍ കേറി ഉല്ലസിക്കാന്‍ അനുവദിച്ചതിനാല്‍....ഇന്ന് "അങ്കിള്‍""ആന്റി" എന്ന രണ്ടു പദങ്ങളില്‍ മാത്രം ചുരുക്കി....സ്വന്തങ്ങളും ബന്ധങ്ങളും മറഞ്ഞു പോയിരിക്കുന്നു.....
ഇംഗ്ലണ്ട് ഇല്‍ ജനിച്ചു വെയില് കണ്ടിട്ട് കൂടി ഇല്ലാത്ത കുട്ടികള്‍ "റൈന്‍ റൈന്‍ ഗോ എവേ " എന്ന് പാടുന്നത് ന്യായം....എന്നാല്‍ ക്ഷാമവും വരള്‍ച്ചയും അഭിമുഖീകരിക്കുന്ന നമ്മുടെ നാട്ടില്‍ കൊച്ചുങ്ങള്‍....ഇതേ പാട്ട് പാടുന്നത്...എന്ത് അര്‍ത്ഥമാണ് ഉള്ളത് ?
നമ്മള്‍ പാടേണ്ടി ഇരുന്നത് ..."മഴയെ മഴയെ...വീണ്ടും വരിക " എന്നല്ലേ?
ജീവിതത്തില്‍ ചില കാര്യങ്ങള്‍ മാത്രമേ നമ്മെ കൊണ്ട് മാറ്റാന്‍ കഴിയു...എന്നാല്‍ നൊന്തു പ്രസവിച്ച അമ്മയെ മാറ്റി എടുക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഞാന്‍ പിറന്നു വീണ ജാതിയും മതവും ഒന്നും എനിക്ക് ഇഷ്ടം അല്ലെങ്കില്‍..എനിക്ക് മാറ്റാന്‍ കഴിഞ്ഞേക്കും....അങ്ങനെ മാറ്റാന്‍ കഴിയാത്ത ഒന്നാണ്  നമ്മുടെ മാതൃഭാഷ.......
അങ്ങനെ ഞാന്‍ മാറ്റാന്‍ ചിന്തിക്കുകയാണെങ്കില്‍ പോലും അത് എന്റെ പെറ്റമ്മയെ ഞാന്‍ മാറ്റാന്‍ ശ്രമിക്കുന്നതിനു തുല്യം ആകും.. A language is more than just a means of communication. It is a repository of a community’s collective history and heritage. It also provides an identity and a focus that binds together a community for social togetherness, that makes individual accomplishments that much easier"

1 comment:

  1. ഒരു ജനതയുടെ അടിസ്ഥാനശിലയായ മാതൃഭാഷയെ സംരക്ഷിക്കുവാന്‍ ജനാധിപത്യസര്‍ക്കാരിന് ബാധ്യതയുണ്ട്.ഭരണ ഭാഷ എന്നത് അതാതു സംസ്ഥാനത്തെ ഭാഷ ആയിരിക്കണം.ഭരണരംഗത്തും വിദ്യാഭ്യാസമേഖലയിലും കോടതി വ്യവഹാരങ്ങളിലും മലയാളം ആവശ്യമാണ്. ഇത് ഭാഷാ ഭ്രാന്തോ പിടിവാശിയോ അല്ല,മലയാളികൾക്ക് സര്‍ക്കാര്‍ സേവനം ലഭ്യമാക്കാനുള്ള മിതമായ ആവശ്യം മാത്രമാണ്.ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണ് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. എന്നിട്ടും അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നത് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഒരുതരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും.മാതൃ ഭാഷ പഠിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.സമൂഹത്തിന്റെ പൊതു നന്മക്കു മാതൃ ഭാഷ അനിവാര്യമാണ്.ഇംഗ്ലീഷും മലയാളത്തില്‍ പഠിക്കുന്ന നാട്ടില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ മനസ്സിലാക്കുന്നതാണ് ഉചിതം. ഇംഗ്ലീഷ് രണ്ടാംഭാഷ ആയി സ്വീകരിക്കാം..മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാത്രമേ സ്വന്തമായി അറിവ് നേടാന്‍ കുട്ടികളെ സഹായിക്കൂ. ലോകത്ത് ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ഏതൊരു സമൂഹവും അത് കൈവരിച്ചിട്ടുള്ളത് അവരുടെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വഴിയാണെന്നത് വസ്തുതയാണ്.ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലെ അധ്യാപകരില്‍ ശരിയായി ഇംഗ്ലീഷ്‌ പഠിപ്പിക്കാൻ കഴിയുന്നവര്‍ വളരെ ചെറിയ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്.ഇംഗ്ലീഷ്‌ വായിക്കാനല്ലാതെ ഇംഗ്ലീഷ്‌ പറയാനുള്ള കഴിവ്‌ സ്‌കൂളുകളില്‍ വികസിപ്പിക്കപ്പെടുന്നില്ല. കൂണുപോലെ പൊട്ടിവിടരുന്ന ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ മലയാളം മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളേക്കാള്‍ നിലവാരത്തില്‍ താഴെയാണ്.മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും നടക്കുന്നത് ഇംഗ്ലീഷില്‍ പഠിച്ച കാര്യങ്ങള്‍ അങ്ങനെ തന്നെ ആവര്‍ത്തിക്കുക, ഇംഗ്ലീഷില്‍ നോട്ടു കൊടുക്കുക, അത് കാണാതെ പഠിച്ച് എഴുതാന്‍ കുട്ടികളെ നിര്‍ബന്ധിക്കുക, തെറ്റിയാൽ കുട്ടികളെ ശിക്ഷിക്കുക ഇതൊക്കെയാണ്.സ്വന്തമായി ചിന്തിക്കാനും ആശയം പ്രകടിപ്പിക്കാനും ഉള്ള കുട്ടികളുടെ സ്വാഭാവിക കഴിവ് മുരടിച്ചു പോകുന്നു. അതേ സമയം, മലയാളത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സ്വന്തമായ ഭാഷയില്‍ പറഞ്ഞും എഴുതിയും ഫലിപ്പിക്കാനുള്ള കഴിവ് കൂടുകയും ചെയ്യുന്നു.
    malayalatthanima.blogspot.in

    ReplyDelete